ഓഗസ്റ്റ് 30 കാസറ്റിന് 61-ാം പിറന്നാൾ

ഗ്രാമഫോണിനും റിക്കാർഡ് പ്ലെയറിനും ശേഷം വലിയ വിപ്ലവമായി വന്ന് ആരുമറിയാതെ തിരശ്ശീലയ്ക്കുള്ളിലേക്ക് മറയേണ്ടിവന്ന കാസറ്റിന് ആഗസ്ത് 30 ന് 61 വയസ്സ്. അമ്മയ്ക്കു പകരം താരാട്ടുപാടി... പ്രണയസന്ദേശങ്ങളായി... ആരെയും ഭാവഗായകനാക്കുന്ന മധുരഗാനങ്ങള്‍ പൊഴിച്ച... കാസറ്റുകള്‍ ഒരു കാലത്ത് മനുഷ്യജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നു. ഇന്ത്യയിൽ HMV, വീനസ്, ടിപ്സ്, ടൈം മുതലായ പേരെടുത്ത കമ്പനികളും കേരളത്തിൽ തരംഗിണി, രഞ്ജിനി, നിസരി, സരിഗ തുടങ്ങി അമ്പതോളം കാസറ്റ് കമ്പനികളും തമിഴിൽ ഇളയരാജയുടെ ഉടമസ്ഥയിലുള്ള എക്കോ, രാജാ മ്യൂസിക്, പിരമിഡ്, ലഹരി, സ്റ്റാർ മ്യൂസിക്, സംഗീത മുതലായ കമ്പനികളും ആ കാലഘട്ടത്തിലെ സംഗീത ആസ്വാദകരുടെ മനസ്സിലെ ഇപ്പോഴും നിറഞ്ഞുനിൽക്കുന്ന ബ്രാൻഡുകളാണ്.വരവേല്‍പ്പ് ഗംഭീരമാക്കിയെങ്കിലും സി.ഡി.കളുടെ കടന്നുവരവോടെ കാസറ്റിന് ഡിമാന്‍ഡ് കുറഞ്ഞു. (യൂട്യൂബ് മുതലായ നവമാധ്യമങ്ങളുടെ കടന്നുവരവോടെ ഇപ്പോൾ സിഡി പ്ലെയറുകളുടെയും കാലം കഴിഞ്ഞു) ഇന്നിപ്പോള്‍ കാസറ്റുകള്‍ ലൈബ്രറികളിലും പുരാവസ്തുശേഖരണം ഇഷ്ടപ്പെടുന്നവരുടെയും കൈകളില്‍ മാത്രമായി ഒതുങ്ങി. 1963 ആഗസ്ത് 30 നാണ് ലൂ ഓട്ടന്‍സിന്റെ നേതൃത്വത്തിലുള്ള ഫിലിപ്‌സിന്റെ സംഘം ഓഡിയോ കാസറ്റ് ആദ്യമായി പുറത്തിറക്കിയത്. കോമ്പാക്ട് കാസറ്റ് എന്ന പേരാണ് സംഘം ശബ്ദങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഈ ഉപകരണത്തിന് നല്‍കിയത്. തുടക്കത്തില്‍ 8 ട്രാക്കോടെയാണ് കാസറ്റ് അവതരിച്ചത്.കോമ്പാക്ട് കാസറ്റിന് മുമ്പ് ഫിലിം റീലുകളിലാണ് ടേപ്പ് റെക്കോഡര്‍ പ്രവര്‍ത്തിച്ചത്. ചെലവേറിയതും സാധാരണക്കാര്‍ക്ക് ഉപയോഗിക്കാന്‍ പ്രയാസമുള്ളതുമായിരുന്നു ഈ ഫിലിം റീല്‍ ടേപ്പ് റെക്കോഡര്‍. റേഡിയോ സ്റ്റേഷന്‍, റെക്കോഡിങ് സ്റ്റുഡിയോ എന്നിവിടങ്ങളില്‍മാത്രമേ ഈ ടേപ്പ് റെക്കോഡറുകള്‍ ഉപയോഗിച്ചിരുന്നുള്ളൂ. വിപണിയില്‍ വന്ന് 3 വര്‍ഷത്തിനുള്ളില്‍ രണ്ടരലക്ഷത്തോളം കോമ്പാക്ട് കാസറ്റുകളാണ് അമേരിക്കയില്‍മാത്രം വിറ്റഴിച്ചത്. 1968 ല്‍ 85 കമ്പനികള്‍ ലോകമൊട്ടാകെ 240 ലക്ഷം കാസറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. വാക്മാന്റെ വരവോടുകൂടി നടത്തത്തിനിടയിലും യാത്രയിലും പാട്ടുകേള്‍ക്കുന്നത് ട്രെന്‍ഡായി മാറി. ഓഡിയോ കാസറ്റിന് പിന്നാലെ ദൃശ്യങ്ങളുമായി വീഡിയോ കാസറ്റുകളും വിപണിയിലെത്തി. അതോടെ ദൂരദര്‍ശന്‍ ചാനലിനെ ആശ്രയിക്കാതെ ടി.വി.യില്‍ സിനിമ കാണാന്‍ പ്രേക്ഷകനായി. കോമ്പാക്ട് കാസറ്റുകളുടെ പിന്‍ഗാമികളായി എല്‍ കാസറ്റ്, മിനി ഡിസ്‌ക്, ഡിജിറ്റല്‍ കോമ്പാക്ട് കാസറ്റ്, മൈക്രോ കാസറ്റ്, കോമ്പാക്ട് ഡിസ്‌ക് (സി.ഡി.) എന്നിവ വന്നു. സി.ഡി.യൊഴികെ ബാക്കിയെല്ലാം കാസറ്റുകളുടെ വിവിധതരങ്ങളാണ്. അതുകൊണ്ടുതന്നെ ഇതൊന്നും കാസറ്റ്‌ വിപണിയെ ബാധിച്ചില്ല. പക്ഷേ, സി.ഡി.യുടെ വരവോടെ മാര്‍ക്കറ്റില്‍നിന്ന് കാസറ്റ് പതുക്കെ പിന്‍വാങ്ങി. 2003 നുശേഷം പ്രമുഖ കമ്പനികളെല്ലാം കാസറ്റ് ഉത്പാദിപ്പിക്കുന്നത് പൂര്‍ണമായും നിര്‍ത്തുകയോ കുറയ്ക്കുകയോ ചെയ്തു. ചെലവും ഭാരവും കുറവ്, സൂക്ഷിക്കാന്‍ എളുപ്പം, ശബ്ദത്തിനും ദൃശ്യത്തിനും വ്യക്തത, കൂടുതല്‍ ഫയലുകള്‍ 'സ്റ്റോര്‍'ചെയ്യാനുള്ള സംവിധാനം എന്നിങ്ങനെ നിരവധി ഗുണങ്ങള്‍ കാസറ്റുകളെ അപേക്ഷിച്ച് സി.ഡി.കളെ കൂടുതല്‍ ജനപ്രിയമാക്കി. എങ്കിലും ഇന്ത്യയില്‍ അപൂര്‍വമായി ചില ഭക്തികാസറ്റുകള്‍ വിപണിയില്‍ കാണാം. ക്രമേണ അവയും ഇല്ലാതാകും. തട്ടിന്‍പുറങ്ങളില്‍ പഴയ ഗ്രാമഫോണ്‍ പ്ലേറ്റുകളെപ്പോലെ കാസറ്റുകളും ഇടംപിടിച്ചുകഴിഞ്ഞു. പുതിയ തലമുറയ്ക്ക് മറ്റൊരു പുരാവസ്തുവായി 61 വയസ് പ്രായമുള്ള കാസറ്റ് മാറി. പിറന്നാള്‍ ആഘോഷം കഴിഞ്ഞാലും സ്വീകരണമുറി കാസറ്റിന് അന്യമാണ്, ഇന്നും നാളെയും!കടപ്പാട് : കെ. എം. രൂപ.


​ ​​ഇനിമുതൽ ഈ ഫോണുകളിൽ വാട്‌സ്ആപ്പ് ലഭ്യമാകില്ല

​പുതിയ തീരുമാനവുമായി വാട്‌സ്ആപ്പ്.  എന്നാല്‍ വാട്‌സ്ആപ്പ് മൈക്രോസോഫ്റ്റിന്റെ ഒഎസ് വിന്‍ഡോസിനെ പൂര്‍ണ്ണമായും കൈവിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ തീരുമാനം നടപ്പിലാകും. ഇതുപ്രകാരം വിന്‍ഡോസ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫോണിലും വാട്ആപ്പ് ലഭ്യമാകില്ല. വാട്‌സ്ആപ്പിന്റെ പുതിയ തീരുമാനം അനുസരിച്ച് വിന്‍ഡോസ് 10 ഒഎസുള്ള പുതിയ മൊബൈലുകളിലും വാട്‌സ്ആപ്പ് ലഭ്യമാകില്ല. അതേസമയം ഈ തീരുമാനം വാട്‌സ്ആപ്പ് പെട്ടെന്ന് തീരുമാനിച്ചതല്ല. 2016 മുതല്‍ പഴയ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നിന്നും വാട്‌സ്ആപ്പ് പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നു. 2016 ഫെബ്രുവരി 26 ന് ഇത് വ്യക്തമാക്കുന്ന ആദ്യ ബ്ലോഗും വാട്‌സ്ആപ്പ് പങ്കുവെച്ചിരുന്നു. ഇതുപ്രകാരം പല സമയങ്ങളിലായി വിവിധ ഫോണുകളില്‍ നിന്നും വാട്‌സ്ആപ്പ് പിന്‍വലിക്കുകയും ചെയ്തു. 2019 മെയ് 7 ന് അപ്‌ഡേറ്റ് ചെയ്ത ബ്ലോഗിലാണ് വാട്‌സ്ആപ്പ് വിന്‍ഡോസ് ഫോണുകളെ പൂര്‍ണ്ണമായും ഒഴിവാക്കുന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2020 ഫെബ്രുവരി ഒന്നു മുതല്‍ ആന്‍ഡ്രോയിഡ് 2.3.7 നും അതിനു മുമ്പുള്ള ഒഎസ് പതിപ്പുകളിലെയും സോവനം നിര്‍ത്തലാക്കാനും വാട്‌സ്ആപ്പ് തീരുമാനിച്ചിട്ടുണ്ട്. അതുപോലെ ഐഒഎസ് 7 നും അതിനു മുമ്പുള്ള പതിപ്പുകളിലും വാട്‌സ്ആപ്പ് ലഭ്യമാകില്ല




ടിക് ടോക് നിരോധനം : ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു

ടിക് ടോക് നിരോധനം : ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു..ടിക് ടോക്കിനു നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ടിക് ടോക് നിരോധിക്കാനുള്ള മദ്രാസ് ഹൈക്കോടതിയുടെ വിധിയ്ക്ക് സ്റ്റേ അനുവദിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക് നീക്കം ചെയ്യാനുള്ള നിര്‍ദ്ദേശം നല്‍കാനുള്ള തീരുമാനം. ഐ.ടി മന്ത്രാലയം ഗൂഗിളിനും ആപ്പിളിനും ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിചിരുന്നു. രാത്രിയോടെയാണ് പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും ടിക് ടോക് അപ്രത്യക്ഷമായത്.അശ്ലീലത പ്രോത്സാഹിപ്പിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതി ടിക് ടോക് നിരോധിക്കണമെന്ന ഉത്തരവിറക്കിയത്. അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ മുത്തുകുമാര്‍ നല്‍കിയ പൊതുതാല്‍പര്യഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. കുട്ടികളുടെ സുരക്ഷയ്ക്ക് പോലും ടിക് ടോക് ഭീഷണിയാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ടിക് ടോക് നിരോധിക്കാനും,ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന വഴികള്‍ അടയ്ക്കാനും കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയത്.ചെറുവീഡിയോകള്‍ നിര്‍മിക്കാൻ ഉദ്ദേശിച്ച് തയ്യാറാക്കിയ ടിക് ടോക് ആപ്പിൽ ഇന്ത്യയിൽ 54 ലക്ഷത്തോളം സജീവ അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. കഴിഞ്ഞയാഴ്ചയാണ് ടിക് ടോക് നിരോധിക്കാൻ കേന്ദ്രസര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ടിക് ടോക് അശ്ലീലവീഡിയോകളെ പ്രോത്സാഹിപ്പിക്കുന്ന ആപ്പാണ് എന്നാണ് മദ്രാസ് ഹൈക്കോടതി പറയുന്നത്. മാധ്യമങ്ങള്‍ ടിക് ടോക് വീഡിയോകള്‍ പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. വിധിക്കെതിരെ ആപ്പ് ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചതാണ് നടപടികള്‍ വൈകാന്‍ കാരണം. ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ പല അപകടങ്ങളും മുന്‍പും ഉണ്ടായിട്ടുണ്ട്. ടിക് ടോക് ചെയ്യുന്നതിനിടയില്‍ സുഹൃത്തിന്റെ തോക്കില്‍ നിന്നും വെടിയുതിര്‍ന്ന് കഴിഞ്ഞദിവസവും ഒരു യുവാവ് മരണപ്പെട്ടിരുന്നു...